ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച നിയമം പാസാക്കാൻ മുൻ പാർലമെന്റുകൾ പരാജയപ്പെട്ടത് "തെരഞ്ഞെടുക്കപ്പെട്ടവരുടെ സ്വേച്ഛാധിപത്യ’മായിരുന്നുവെന്ന് വിശേഷിപ്പിച്ചു സുപ്രീംകോടതി.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടെയും തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെയും നിയമനം സംബന്ധിച്ച നിയമം 2023ലെ സുപ്രീംകോടതി ഉത്തരവിനുശേഷം മാത്രമാണുണ്ടായതെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ പരാമർശം. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെയും മറ്റുള്ള തെരഞ്ഞെടുപ്പു കമ്മീഷണർമാരെയും നിയമിക്കുന്ന സമിതിയിൽനിന്ന് ചീഫ് ജസ്റ്റീസിനെ നീക്കിയതു ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ പരാമർശം.
2023ലെ സുപ്രീംകോടതി വിധി തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച നിയമം ഏതെങ്കിലും ഒരു പ്രത്യേക രീതിയിൽ നിർമിക്കണമെന്നു പ്രസ്താവിച്ചിരുന്നില്ലെന്നും പാർലമെന്റ് ഇതുസംബന്ധിച്ച ഒരു നിയമം നിർമിക്കുന്നതുവരെ ആ ഒഴിവ് നികത്താൻ മാത്രമായിരുന്നുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനം പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷനേതാവ്, ചീഫ് ജസ്റ്റീസ് എന്നിവരുടെ സമിതിയിൽനിന്നുള്ള നിർദേശത്തിൽനിന്നായിരിക്കണമെന്നായിരുന്നു 2023ലെ സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാൽ ചീഫ് ജസ്റ്റീസിനെ മാറ്റി ആഭ്യന്തരമന്ത്രിയെ നിയമിച്ചത് 2023ലെ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ തീരുമാനത്തെ ലംഘിക്കുന്നതല്ലെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നത്.
തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച് പാർലമെന്റ് ഒരു നിയമനിർമാണം നടത്താൻവേണ്ടി മാത്രമായിരുന്നു 2023ലെ വിധി ഉദ്ദേശിച്ചിരുന്നതെന്നാണ് സുപ്രീംകോടതി ഇന്നലെ വാക്കാൽ പരാമർശിച്ചത്. വിഷയം അടുത്തയാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും.